റിയാദ്: വെടിനിർത്തലുണ്ടായതോടെ ഹോർമുസ് കടലിടുക്ക് കടക്കാൻ ആഗ്രഹിക്കുന്ന കപ്പലുകളിൽനിന്ന് ഇറാൻ ടോൾ പിരിക്കാൻ തുടങ്ങിയെന്നു സൂചന. എണ്ണ ടാങ്കറുകളിൽനിന്ന് വീപ്പയ്ക്ക് ഒരു ഡോളർ വരുന്ന തുക വച്ച് ഈടാക്കാനാണ് ഇറാനിലെ വിപ്ലവഗാർഡിന്റെ നീക്കമെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.
തുക ക്രിപ്റ്റോ കറൻസിയിലോ ചൈനീസ് കറൻസിയായ യുവാനിലോ നൽകണമെന്നാണ് നിർദേശം. എണ്ണ കടത്തുന്ന സൂപ്പർ ടാങ്കറുകളിൽനിന്ന് ശതകോടിക്കണക്കിന് ഡോളർ വരുന്ന തുകയാണ് ഇതുവഴി ഇറാനു ലഭിക്കുക.
ഇറാന്റെ അനുമതിയില്ലാതെ ഹോർമുസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കപ്പെടാം എന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ഈയാഴ്ച കുറച്ച് കപ്പലുകളെ മാത്രമേ ഹോർമുസ് കടക്കാൻ അനുവദിക്കൂ എന്നും സൂചനയുണ്ട്. യുദ്ധത്തിനു മുന്പ് ദിവസം നൂറിലധികം കപ്പലുകൾ കടന്നിരുന്നതാണ്.
ഹോർമുസ് കടക്കാൻ ആഗ്രഹിക്കുന്ന കപ്പലുകളുടെ അധികൃതർ വിവരം ഇറാനെ ഇ-മെയിലിലൂടെ മൂൻകൂർ അറിയിക്കണം. ടോൾ തുക മുൻകൂർ അടയ്ക്കണം. ഇറാനോടു ചേർന്ന ഭാഗത്തുകൂടി വേണം കപ്പലുകൾ സഞ്ചരിക്കേണ്ടത്. സുഹൃദ് രാജ്യങ്ങളിലെ കപ്പലുകൾക്ക് സഞ്ചാരം സുഗമമായിരിക്കും. ശത്രുരാജ്യങ്ങളിലെ കപ്പലുകൾ ക്ക് താമസമോ അനുമതി നിഷേധമോ നേരിടാം.
യുഎസ് ഉപരോധം മൂലം ഡോളർ ഇടപാടിനു പ്രതിസന്ധി നേരിടുന്നതിനാലാണ് ഇറാൻ ക്രിപ്റ്റോയിലോ ചൈനീസ് യുവാനിലോ ടോൾ സ്വീകരിക്കുന്നത്. യുവാനിൽ ഇടപാട് ആരംഭിച്ചതായാണ് റിപ്പോർട്ട്. ഇറാന്റെ ഈ നീക്കങ്ങളിൽ ഗൾഫ് രാജ്യങ്ങൾക്ക് വലിയ എതിർപ്പുണ്ട്.